Integrity Score 1526
No Records Found
No Records Found
No Records Found
സിറാജിൻ്റെ ഉപ്പ
500 ലക്ഷം യൂറോ വിലവരുന്ന ജേക്കബ് ഡയമണ്ട് പേപ്പർ കട്ടയായി ഉപയോഗിച്ചിരുന്ന നൈസാം മാത്രമല്ല, അദ്ദേഹത്തിന്റെ രാജ്യമായ ഹൈദരാബാദിലെ ഫുട്ബാളും സമ്പന്നമായിരുന്നു.
ഇന്നും കണക്കെടുത്താൽ അംബാനിയും അദാനിയും സമ്പത്തിൽ, അവസാനത്തെ ഹൈദരാബാദ് നൈസാമിൻ്റെ അയലോക്കത്ത് പോലുമെത്തില്ലെന്നത് സത്യം.
ഇന്ത്യക്ക് രണ്ട് ഏഷ്യൻ ഗെയിംസ് ഫുട്ബാൾ സ്വർണങ്ങൾ സമ്മാനിച്ച എസ് എ റഹീം എന്ന കോച്ച്, പേര് കേട്ടാൽ ത്രസിക്കുന്ന അസീസുദ്ധീൻ, നൂർ മുഹമ്മദ്, പീറ്റർ തങ്കരാജ്, എം എ സലാം, അഹ്മദ് ഹുസൈൻ, കൃഷ്ണസ്വാമി, ഡി കണ്ണൻ, തുളസിദാസ് ബലറാം, സുൽഫീഖറുദ്ധീൻ, യൂസുഫ് ഖാൻ, ഹക്കീം, ഹമീദ്.. ഒളിമ്പിക്സ് ഉൾപ്പടെ ഇന്ത്യയുടെ പ്രതാപകാലത്ത് ഫുട്ബാൾ കളിച്ച പാതിയിലധികം താരങ്ങളും ഹൈദരാബാദുകാരായിരുന്നു. അതിനുശേഷവും വന്നു നഈമുദ്ധീൻ, ഷബീറലി, ഫരീദ്.. തുടങ്ങിയ ഒരുപാട് കിടിലന്മാർ.
ഇതിൽ ഒരാളും ശരാശരി സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ നിന്നുള്ളവർ പോലുമല്ല. ഫുട്ബാൾവിട്ട് ഹൈദരാബാദിൽ നിന്നുള്ള മറ്റുകളികളിലെ കേമന്മാരെയെടുത്താൽ മിക്കവരും മികച്ച സാമ്പത്തികസ്ഥിതിയിൽ നിന്നുവന്നവർ. അസ്ഹറുദ്ധീൻ, സാനിയ മിർസ, വിവിഎസ് ലക്ഷ്മൺ, പിവി സിന്ധു.. എത്ര പേര് വേണമെങ്കിലും നമുക്ക് എഴുതിയെടുക്കാം.
ഹൈദരാബാദിൽ നിന്നുതന്നെയുള്ള
മുഹമ്മദ് സിറാജിൻ്റെ ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിലെ ചരിത്രപോരാട്ടം കണ്ടപ്പോൾ മനസ്സിൽ വന്നത് അദ്ദേഹത്തിൻ്റെ പിതാവായിരുന്നു.
മുഹമ്മദ് ഗൗസ്
വിമാനവേഗത്തിൽ സഞ്ചരിക്കുന്ന പത്രാസിൻ്റെ ക്രിക്കറ്റ് ലോകത്ത്
മകൻ്റെ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ കിക്കർ വലിച്ച ഒാട്ടോക്കാരൻ. ഭാവനയിലെ
രജനീകാന്തിൻ്റെ ' ഓട്ടോകാരനും ' മേലെ ഊക്കിൽ പാഞ്ഞ ഗൗസ് ഉപ്പയുടെ
മൂന്നുചക്രവണ്ടി. ഓട്ടോ ഓടിക്കുന്നതിനിടെ ഓൾഡ് ഹൈദരാബാദിലെ, നാറുന്ന ഓടകൾക്കരികെ അദ്ദേഹം മകന് വേണ്ടി എത്ര ' സ്വപ്നപിച്ചുകൾ ' വരച്ചിരിക്കും ?
ഇന്ന്, ആ മനുഷ്യൻ ജീവിച്ചിരിപ്പില്ല. 2020 ൽ, വെറും 53 വയസിൽ അദ്ദേഹം മരിച്ചു. പുകതുപ്പുന്ന ഹൈദരാബാദ് നഗരത്തിലെ വിഷാംശങ്ങൾ ശ്വാസകോശത്തിൽ ഏറ്റുവാങ്ങിക്കൊണ്ട്. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിൽ ആയിരുന്നതിനാൽ ഉപ്പയുടെ ഖബറടക്കത്തിൽ പോലും പങ്കെടുക്കാൻ സിറാജിന് കഴിഞ്ഞില്ല.
ആ ഉപ്പ മകന് കൊടുത്തിരുന്ന ഉപദേശം ഇപ്പോൾ വീണ്ടും ഓർക്കുന്നു - മേരാ ബേട്ടാ, ദേശ് കാ നാം റോഷൻ കർനാ...
തൊപ്പിയിട്ട ഒരു മനുഷ്യനെ കണ്ടാൽ തല്ലിക്കൊല്ലുന്ന രാജ്യത്ത് / കാലത്ത് നിന്ന് അദ്ദേഹം രക്ഷപ്പെട്ടുവെന്നും പറയാം.