Integrity Score 1686
No Records Found
No Records Found
No Records Found
പണം അടിച്ചുമാറ്റാൻ പുതിയ ' കേരള ഫുട്ബോൾ മോഡൽ '
കഴിഞ്ഞ ദിവസം മലബാറിലെ ഒരു ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിക്ക് സ്കോർലൈൻ എന്ന സ്വകാര്യ കമ്പനി അയച്ച കത്താണ് താഴെ. അക്ഷരതെറ്റുകൾ നിറഞ്ഞ, പാരഗ്രാഫ് പോലും വേർതിരിക്കാൻ പറ്റാത്തവർ തയ്യാറാക്കിയ ആ കത്ത് ഇങ്ങനെ (പറ്റാവുന്ന രീതിയിൽ തിരുത്തിയിട്ടുണ്ട്).
സർ,
വിഷയം: ഫുട്ബോൾ സെലക്ഷൻ ട്രയൽസ്
സൂപ്പർ ലീഗ് കേരളയും കേരള ഫുട്ബാൾ അസോസിയേഷനും സ്കോർലൈനും ചേർന്ന് കേരള യൂത്ത് ഡവലപ്മെൻ്റ് പ്രൊജക്ടിൻ്റെ ഭാഗമായി ഫുട്ബാൾ സെലക്ഷൻ ട്രയൽസ് നടത്തുന്നു.
പ്രശസ്ത സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിയെസ്റ്റയുടെ അക്കാഡമിയിൽ നിന്നുള്ള വിദേശ സ്കൗട്ടുകൾ ആണ് സെലക്ഷൻ ട്രയൽസിന് നേതൃത്വം നൽകുന്നത്. ...... സ്റ്റേഡിയത്തിൽ വെച്ച് 2024 ഏപ്രിൽ 27, 28, 29 തീയതികളിലാണ് ട്രയൽസ്. ..... ജില്ലയിലെ 2007 നും 2011 നും ഇടയിൽ ജനിച്ച കുട്ടികൾക്കാണ് അവസരം.
2010, 2011 വിഭാഗങ്ങളിൽ ഉള്ള കുട്ടികൾക്ക് ഏപ്രിൽ 27, 28 എന്നീ തീയതികളിൽ (3.30 മുതൽ 6.30 വരെ) 2007 വിഭാഗങ്ങളിൽ ഉള്ള കുട്ടികൾക്ക് ഏപ്രിൽ 29 ആം തീയതിയും (3 .30 മുതൽ 6 .30 വരെ) ആയിരിക്കും സെലക്ഷൻ നടത്തപ്പെടുന്നത്. സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് കേരള യൂത്ത് ഡെവലപ്മെന്റിന്റെ ഭാഗമായി ഒരുവർഷം സൗജന്യ ഫുട്ബോൾ പരിശീലനം ലഭിക്കും. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് റസിഡൻഷ്യൽ അക്കാഡമി പരിശീലനം ലഭിക്കാനും ഉള്ള അവസരവും ഉണ്ട്. ട്രയൽസിൽ പങ്കെടുക്കുന്നതിനായി ആധാർ കാർഡിൻ്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. രജിസ്ട്രേഷൻ ഫീസായി 400 രൂപയും അടവാക്കേകണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 9496123387 / 7558887732
എന്ന്,
Sujan Suku V V Head of operations. +91 79940 11211. office@scorelinesports.in
ഇതാണ് കത്ത്
ഈ കത്ത് വായിക്കുമ്പോൾ ചോദ്യങ്ങൾ ഒരുപാട് ഉയരുന്നുണ്ട്.
1 - പണം പിരിക്കാൻ ഒരു സ്വകാര്യ കമ്പനി ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിമാർക്ക് കത്ത് അയക്കാമോ ?
2 - കേരള ഫുട്ബോൾ അസോസിയേഷനെ സ്പോൺസർ ചെയ്ത ഒരു കമ്പനി സംസ്ഥാന ഫുട്ബോളിനെ നേരിട്ട് നിയന്ത്രിക്കുകയാണോ ?
3 - കെ. എഫ്. എ ഭാരവാഹികൾ ചോദ്യം ചോദിക്കാൻ പോലും പറ്റാത്ത വെറും പാവകളോ ?
4 - കേരള ഫുട്ബോളിൻ്റെ വളർച്ചക്ക് ഒരു വർഷം കോടികൾ (13 വർഷത്തേക്ക്) ചിലവഴിക്കും എന്നായിരുന്നു കരാർ സമയത്ത് സ്കോർലൈൻ പ്രഖ്യാപിച്ചത്. അവർക്ക് കേരള ഫുട്ബോളിൽ നിന്ന് വൻസംഖ്യ പിരിച്ചെടുക്കാൻ അവസരം ഒരുക്കുകയാണോ ?
5 - കാലങ്ങളായി കേരള ഫുട്ബോളിൽ നിലനിൽക്കുന്ന ക്ലബുകളെ ഒഴിവാക്കി പുതുതായി തുടങ്ങുന്ന ലീഗിൽ കെ. എഫ്. എക്ക് ഒരു റോളും ഇല്ലെ ? വിരുന്നുവന്നവൻ തറവാട് കൈക്കലാക്കുകയാണോ ?
6 - ജൂനിയർ ടീം സെലക്ഷന് പോലും 2000 ത്തിന് മേലെ കുഞ്ഞുകളിക്കാർ പങ്കെടുക്കുന്ന ജില്ലയിൽ നിന്ന് 400 രൂപ വീതം വാങ്ങിയാൽ സംഖ്യ എത്രവരും ? അത് എങ്ങോട്ട് പോകും ?
7 - മറ്റൊരു ജില്ലയിൽ ഈ സെലക്ഷൻ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടു. ഒരു വിവരവും പങ്കെടുത്ത ആർക്കും നൽകിയിട്ടില്ല.
8 - ഇനിയെസ്റ്റയും ' പുത്തൻലീഗും ' പോസ്റ്റർ ' മാത്രമോ ?
ചോദ്യങ്ങൾ ഇനിയും ബാക്കി
ഇതെന്ത് ഫുട്ബോൾ ? ഇതെന്ത് കക്കൽ ?