Integrity Score 1686
No Records Found
No Records Found
No Records Found
ഡേവിഡ് ബെക്കാമും പാട്രിക് വിയേരയും ഒറ്റയുടലിൽ
അർജൻ്റീന അവരുടെ എക്കാലത്തെയും മികച്ച നൃത്തസംഘവുമായി ലോകകപ്പ് ഫുട്ബോൾ കളിക്കാൻ വന്നത് 1998 ൽ ഫ്രാൻസിലാണ്.
ഡാനിയൽ പസറെല്ലെക്ക് കീഴിൽ കളിച്ച ആ ടീമിൽ ആയാള, സനെട്ടി, സെൻസീനി, സിമിയോണി, വെറോൺ, അൽമേഡ, ബാറ്റി, ക്രസ്പോ, ഓർട്ടേഗ എന്നിവരെല്ലാമുണ്ട്.
ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് ജയവും ഏഴ് ഗോളും സ്കോർ ചെയ്തുവന്ന ആ ടീം ഫൈനലിന് മേലെ നിൽക്കുന്ന പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ട് വെല്ലുവിളിയും അവസാനിപ്പിച്ചു. ക്വാർട്ടറിൽ എതിരാളികൾ ഹോളണ്ട്. ബെർകാമ്പ് ഓട്ടത്തിലടിച്ച ഗോളിൽ അർജൻ്റീനയുടെ പെരുംടീം വീണുപോയി.
മറഡോണക്ക് ശേഷം ഒരു ലോകകിരീടം ഉറപ്പിച്ചിരുന്ന അർജൻ്റീന ആരാധകർ കണ്ണീർകൊണ്ട് മുഖം കഴുകി. സങ്കടത്താൽ തൃശൂരിലെ ബിജു വീടിന് മുന്നിലെ പുളിമരത്തിൽ തൂങ്ങി ജീവനൊടുക്കി.
ആ ദുരന്തമത്സരം കഴിഞ്ഞു ആറ് മാസത്തിന് ശേഷം 1998 ഡിസംബറിലാണ് മറഡോണയുടെ പ്രിയ സുഹൃത്ത്
കാർലോസിന് ഒരു കുഞ്ഞ് പിറക്കുന്നത്. 1993 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്കുവേണ്ടി മൂന്നു മത്സരം കളിച്ച വനാണ് കാർലോസ്. 1994 ലോകകപ്പ് ഫൈനൽ റൗണ്ടിൽ ടീമിൽ ഇടംകിട്ടിയില്ലെങ്കിലും മാറഡോണയുടെ അടുപ്പക്കാരനായിരുന്നു എന്നും കാർലോസ്.
1998 ഡിസംബറിൽ ജനിച്ച മകന് അലക്സിസ് മാക് അലിസ്റ്റർ എന്ന പേരാണ് കാർലോസ് നൽകിയത്. വളർന്നുവരുന്ന അലക്സിസും അച്ഛനും തമ്മിൽ ഒറ്റതർക്കമെ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ മറഡോണയെ ലോകത്തെ ഏറ്റവും മികച്ചവൻ എന്ന് വിളിച്ചപ്പോൾ മകൻ മെസ്സിയെ അതേ പേരിൽ അവതരിപ്പിച്ചു.
ഇത്രയും പറഞ്ഞത്, ഇന്നലെ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ബ്രൈറ്റനെ തോൽപ്പിച്ച് ലിവർപൂൾ ഒന്നാംസ്ഥാനത്തേക്ക് കയറിയപ്പോൾ അലക്സിസ് മാക് അലിസ്റ്റർ നടത്തിയ പ്രകടനം.
സീസണിൽ മോശം തുടക്കമായിരുന്നു ലിവർപൂളിൻ്റേത്. എന്നാൽ ഇന്നലത്തെ മത്സരത്തോടെ അവർ ഒൻപത് റൗണ്ട് ശേഷിക്കുന്ന ലീഗിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. ഇനി വലിച്ചു താഴെയിറക്കുക ആർക്കും അത്ര എളുപ്പമാവില്ല.
ഈ സീസണിൽ ലിവർപൂളിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ ഒരാൾ
മാക് അലിസ്റ്ററാണ്. ഇന്നലെയും അദ്ദേഹമായിരുന്നു മാൻ ഓഫ് ദ് മാച്ച്. ലോകകപ്പ് ഫൈനലിൽ ഡി മരിയക്ക് നൽകിയ ഗോൾ പന്തിന് ശേഷം അലിസ്റ്ററിനെ പിന്തുടരാറുണ്ട്.
ഡേവിഡ് ബെക്കാമും പാട്രിക് വിയേരയും ഒറ്റയുടലിൽ പ്രത്യക്ഷപ്പെട്ടപോലൊരു കളിക്കാരൻ.
എതിരാളികളിൽ നിന്ന് പന്ത് പറിച്ചെടുക്കാൻ കാണിക്കുന്ന വാശിയും വേഗവും. കൗണ്ടർ പ്രസ്സിങിലെ ടൈമിംഗ്. ടൈറ്റ് സ്പെയിസുകളിലെ കൺട്രോൾ. അപകട മേഖലകളിൽ നിന്ന് വളരെ പെട്ടന്ന് പന്തുമായി രക്ഷപ്പെടുന്ന കൗശലം. ത്രൂബോൾ / ലോങ് ഷോട്ടുകളിലെ കൃത്യത. സെറ്റ് പീസുകളിലെ ബുദ്ധി. ഇരുകാലുകൊണ്ടും ഒരേപോലെയുള്ള പ്രഹരം. മത്സരത്തിലുടനീളം സൂക്ഷിക്കുന്ന ഗോൾദാഹം.
'Super Mario' ♥️