Integrity Score 1606
No Records Found
No Records Found
No Records Found
ഒന്നരലക്ഷം കാണികളുടെ തൊണ്ടവറ്റിച്ച ഇന്ത്യൻ ഫുട്ബോൾ ടീം
കായിക രംഗത്ത് ഇന്ത്യ നേടിയ ഏറ്റവും മികച്ച വിജയം ഏത് ? ഒരു ഇന്ത്യൻ ടീം മാരകമായി അപമാനിക്കപ്പെട്ടത് എന്ന് ? രണ്ടിനും എനിക്ക് ഒറ്റഉത്തരം. 1962 ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ഫൈനൽ.
' എന്ത് ഉണ്ടാക്കാൻ ആണ് നിങ്ങൾ ജക്കാർത്തയിൽ പോകുന്നത് ? വെറുതെ രാജ്യത്തിൻ്റെ മാനംകളയാനാണോ ? ഒരു കളിയെങ്കിലും ജയിക്കാൻ നിങ്ങൾക്ക് പറ്റുമോ ? '
1962 ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ പങ്കെടുക്കാൻ അനുമതിക്ക് അപേക്ഷനൽകി കാത്തുനിന്ന ടീമിന് കായിക മേധാവികളിൽ നിന്ന് കിട്ടിയ മറുപടി ഇതായിരുന്നു. ജക്കാർത്തയിലേക്ക് പോകാൻ ഏറ്റവും അവസാനം ' ഒകെ ' ലഭിക്കുന്നതും ഫുട്ബോൾ ടീമിനായിരുന്നു.
രണ്ട് പന്തും ഒറ്റക്കൂട്ടം ജഴ്സിയുമായി കോച്ച് റഹീം സാബും മക്കളും ഏറെവൈകി ജക്കാർത്തയിലിറങ്ങി.
യാത്രക്കായി ആഗസ്റ്റ് 15 അണ് റഹീം സാബ് തിരഞ്ഞെടുത്തത്. ചുനി ഗോസ്വാമി നായകനും നിയന്താവുമായ ടീമിൽ അണിനിരന്നത് ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാർ. പോസ്റ്റിൽ പീറ്റർ തങ്കരാജ്, ജർണയിൽ സിംഗ്, അരുമനായകം, യൂസുഫ് ഖാൻ, പി.കെ. ബാനർജി, രാംബഹദൂർ, എത്തിരാജ്,
അരുൺ ഘോഷ്, മലയാളത്തിൻ്റെ അഭിമാനം ഒ. ചന്ദ്രശേഖരൻ... എല്ലാ പുലികളും ഒന്നിച്ച്.
അന്നും ഇന്നും ഏഷ്യൻ ഫുട്ബോളിലെ ശക്തികളായ ദക്ഷിണ കൊറിയയോട് രണ്ട് ഗോളിന് തോറ്റുകൊണ്ടാണ് ഇന്ത്യ തുടങ്ങുന്നത്. തുടർന്ന് തായ്ലൻഡിനെ 4-1, ജപ്പാനെ 2-0 നും തോൽപ്പിച്ച ഇന്ത്യ സെമിയിൽ കയറി. അവിടെ വിയറ്റ്നാം 3-2 ന് വീണു.
പ്രശ്നങ്ങൾ വരാനിരിക്കുന്നെയുണ്ടായിരുന്നുള്ളൂ. ജക്കാർത്തയുടെ വേദി സംബന്ധിച്ചും ഏഷ്യൻ ഒളിമ്പിക്സ് അസോസിയേഷനിലെ പ്രശ്നങ്ങളിലും ഇൻഡോനേഷ്യക്കെതിരെ നിലപാട് സ്വീകരിച്ച ഇന്ത്യയോട് അവിടത്തുകാർ കലാപത്തിന് ഇറങ്ങി. അവസാന ഇനം എന്ന നിലയിൽ ആക്രമണം ഇന്ത്യൻ ഫുട്ബോൾ ടീമിന് നേരെതിരിഞ്ഞു. സിഖ് തലപ്പാവ് കെട്ടിയ ആരെ കണ്ടാലും ഏറ്. ഇന്ത്യൻ ഫുട്ബോൾ ടീമിനെതിരെ ജർണയിൽ സിംഗിൻ്റെ ' തലയിൽകെട്ട് ' തെളിവായി സ്വീകരിച്ച് നിരവധിതവണ ആക്രമണം നടന്നു. പരിശീലനത്തിന് ബസിൻ്റെ ഫ്ലോറിൽ ഇരുന്ന് പോകേണ്ട അവസ്ഥ. മറ്റുഇനങ്ങളിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ താരങ്ങളും ഒഫീഷ്യൽസും അപ്പോഴേക്കും നാട്ടിലേക്ക് മടങ്ങിയിരുന്നു.
സെപ്റ്റംബർ 4 ന് ഫൈനൽ.
എതിരാളികൾ ആദ്യമത്സരത്തിൽ ഇന്ത്യയെ രണ്ട് ഗോളിന് തോൽപ്പിച്ച ദക്ഷിണ കൊറിയ. ജക്കാർത്ത സന്യാൻ സ്റ്റേഡിയം ഫൈനലിന് മണിക്കൂറുകൾ മുൻപ് നിറഞ്ഞു. ഇന്ത്യയെ എന്ത് 'വിളിച്ചും 'തോൽപ്പിക്കാൻ തയ്യാറായി ഒന്നരലക്ഷത്തോളം കാണികൾ.
അന്ന് ഇന്ത്യക്ക് പിന്തുണ നൽകാൻ ഗ്യാലറിയിൽ ഉണ്ടായിരുന്നത് പാകിസ്ഥാൻ ഹോക്കി ടീം മാത്രമായിരുന്നുവെന്ന് അരുൺ ഘോഷ് പറഞ്ഞത് ഓർക്കുന്നു. തലേദിവസം നടന്ന ഹോക്കി ഫൈനൽ ജയിച്ച പകിസ്ഥാൻ ടീം നാട്ടിലേക്ക് മടങ്ങിയിരുന്നില്ല.
പരിക്കേറ്റ് തലയിൽ ആറ് സ്റ്റിച്ചുമായി ഇരിക്കുന്ന ജർണിയിൽ സിംഗിനെ കോച്ച് സ്ട്രൈക്കർ പോസിഷനിൽ ഇറക്കി. അന്ന് ഏഷ്യൻ ഫുട്ബോൾ ലോകം ഈ പഞ്ചാബുകാരനെ പേടിയോടെയാണ് കണ്ടിരുന്നത്. അത് മുതലെടുക്കാനായിരുന്നു കോച്ചിൻ്റെ ഈ ഡിസിഷൻ. ഓഫ്സൈഡ് തന്ത്രങ്ങൾ ഒഴിവാക്കാനും കോച്ച് കളിക്കാരോട് നിർദേശിച്ചു. ഇന്ത്യ കളിക്കുമ്പോൾ നിശബ്ദമായിമാറുന്ന സ്റ്റേഡിയം കൊറിയയുടെ കാലിൽ പന്തെത്തിയാൽ അലർച്ച തുടങ്ങും. റഫറിയുടെ വിസിൽ കേൾക്കാൻ പറ്റാത്ത സാഹചര്യം. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ കൊറിയൻ വലയിൽ നിക്ഷേപിച്ച് ജർണയിൽ സിംഗും പി.കെ. ബാനർജിയും തെറിവിളിക്കാൻ വട്ടംചുറ്റി നിന്ന ഒന്നരലക്ഷം കാണികളുടെ തൊണ്ടവറ്റിച്ചു. 2-1 ൻ്റെ ഐതിഹാസിക വിജയം നേടിയ ഇന്ത്യൻ ടീമിന് മെഡൽ സമ്മാനിക്കാൻ പോലും ആരുംവന്നില്ല. ഒരു വളണ്ടിയർ മെഡലുകൾ ഡ്രസ്സിംഗ് റൂമിൽ എത്തിച്ചുനൽകുകയായിരുന്നു.
' മാച്ച് കാ ബാപ്പ് ' എന്നൊക്കെ പറഞ്ഞാൽ ഇതാണ്. അല്ലാതെ എല്ലായിടത്തും ചാർത്തിനൽകാനുള്ള ടാഗ് ലൈൻ അല്ല അത്.