Integrity Score 926
No Records Found
No Records Found
No Records Found
റഫീഖ് ഹസൻ: പൊള്ളിപ്പറക്കുന്ന പന്ത്
ഓരോകളിക്കാരൻ്റെയും ചുവടിലും താളത്തിലും അവർ മുട്ടുകുത്താൻ പഠിച്ച നാടിൻ്റെ മണമുണ്ടാവുമെന്ന് പറഞ്ഞത് ഗലിയാനോ. പന്തിൻ്റെ പ്രവാചകൻ ലൂയിസ് മെനോട്ടിയും ഇക്കാര്യം മറ്റൊരു രീതിയിൽ പറഞ്ഞിട്ടുണ്ട്. ' പന്ത് തട്ടുന്നത് കണ്ടാൽ ആ കളിക്കാരൻ്റെ നാടിൻ്റെ ജീവിതരേഖകൾ വായിച്ചെടുക്കാൻ പറ്റുമെന്ന് '. റഫീഖ് ഹസനിലേക്ക് വരുമ്പോൾ പൂക്കോട്ടൂരിൻ്റെ ' പോരാട്ടവും കരുത്തും ' കാണുന്നത് അതുകൊണ്ടാണ്.
ലോകത്തെ ഏറ്റവും മുന്തിയ ഷൂട്ടിംഗ് മെഷീൻ വെച്ചളന്നാലും റഫീഖ് ഹസൻ്റെ കാലിൽ നിന്ന് പൊള്ളിപ്പാറിയിരുന്ന അടികൾ എല്ലാത്തിനും മേലെയെന്ന് അയാളുടെ കളികണ്ട ആരും പറയും.
ഞാൻ ആദ്യമായി ആ കൊടുങ്കാറ്റ് കാണുന്നത് 1990 സംസ്ഥാന സീനിയർ ഫുട്ബാളിൻ്റെ ഫൈനലിൽ.
അൽ അക്ബർ തൊട്ടുനീക്കിയ പന്ത് ബിനു നിന്നിടത്തുനിന്ന് വട്ടംതിരിഞ്ഞ് ഇടത് ടച്ച് ലൈനിലേക്ക് കോരിയെറിയുന്നു. കാറ്റുപോലെ വന്ന റഫീഖ് ഹസൻ കഴുകനെ പോലെ പന്ത് റാഞ്ചി, ഡ്രിബ്ലിങ്ങും ബോക്സിലേക്ക് കയറലും കണ്ണടച്ച് തുറക്കുന്ന സമയംകൊണ്ട് കഴിഞ്ഞു. സെക്കൻഡിനെ നൂറുകൊണ്ട് ഹരിച്ച സമയം കൊണ്ട് ആ ഓട്ടത്തിനിടയിൽ റഫീഖ് ഹസന്റെ കാലിൽ നിന്ന് വെള്ളിടിപൊട്ടി. പോസ്റ്റിനെ നീട്ടിവലിച്ചിട്ട സ്പ്രിങ് പോലെ കമ്പനം ചെയ്യിച്ച് പന്ത് പുറത്ത് പോയി. പോസ്റ്റിൽ നിൽക്കുന്ന ഇന്ത്യൻ ഗോളി ശിവദാസ് മുതുകാടിൻ്റെ മാജിക് കണ്ടപോലെ അന്തംവിട്ട് നിന്നു.
1990, മാർച്ച് 25 - കോട്ടപ്പടി മൈതാനം. ഇരുപത്തിയൊൻപതാമത് സംസ്ഥാന സീനിയർ ഫുട്ബളിന്റെ മലപ്പുറം - കണ്ണൂർ ഫൈനൽ. മത്സരത്തിന്റെ ആദ്യ സെക്കൻഡുകളിൽ പോക്കുസൂര്യന്റെ വെളിച്ചത്തിൽ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ആയിരക്കണക്കിന് കാണികൾ തരിച്ചുനിൽക്കുന്നു.
ആ ഫൈനലിൽ സുമനും ശിവദാസും ജിജു ജേക്കബും എല്ലാം അണിനിരന്ന ' അപാര ' കണ്ണൂരിനെ അനായാസം തോൽപ്പിച്ച് മലപ്പുറം ജേതാക്കളായി. ശരിക്കും മലപ്പുറം ഫുട്ബാളിൻ്റെ ജൈത്രയാത്രക്ക് പൂജകുറിച്ച വിജയം. നേട്ടങ്ങൾ പിന്നെ മഴപോലെ പെയ്തു.
ഗൾഫിലേക്ക് പറക്കാൻ പാസ്പ്പോർട്ട് എടുത്ത റഫീഖ് ഹസൻ്റെ ' കളി മാറുന്നത് ' കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ എത്തുന്നതോടെയാണ്. സുരേന്ദ്രൻ, സോളി സേവ്യർ, ജേക്കബ് തുടങ്ങിയ വമ്പന്മാർ പോയതോടെ പുടുത്തംവിടും എന്ന് കരുതിയ യൂണിവേഴ്സിറ്റി ടീമിനെ റിയാസും റഫീഖും ചേർന്ന് നെഞ്ചുംവിരിച്ചു നയിക്കുന്നു. അതോടെ ജില്ലാടീമും സത്യൻ നയിച്ച് സന്തോഷ് ട്രോഫി ജയിച്ച കേരള ടീമുമെല്ലാം റഫീഖ് ഹസൻ്റെ പ്രദർശനശാലയായി, സെൻട്രൽ എക്സൈസിൻ്റെ പീരങ്കിയയി. ഇന്ന് ഓർക്കുമ്പോൾ ലോകത്തെ ഏതൊരു ടീമിൻ്റെയും അറ്റാക്ക് ഏൽപ്പിക്കാൻ മികവും കരുത്തും വാശിയും ഉണ്ടായിരുന്ന കളിക്കാരൻ.
സെവൻസിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോയുടെ കുപ്പായത്തിൽ ആയിരിക്കും റഫീഖ് ഹസനെ കൂടുതൽപേരും കണ്ടിരിക്കുക. അക്ഷമനായി ട്രൗസർ തുടയ്ക്ക് മേലേക്ക് ചുരുട്ടിവെക്കുന്ന റഫീഖ് ഹസനെ ആർക്കാണ് മറക്കാൻ പറ്റുക. ഗോളടിക്കും മുൻപുള്ള, അല്ലെങ്കിൽ ഗോളിന് ദാഹിക്കുന്ന അദ്ദേഹത്തിൻ്റെ മാനറിസം ആയിരുന്നു ആ ചുരുട്ടൽ.
അപാരവേഗതയും കോട്ടപൊളിക്കുന്ന ഷോട്ടും എല്ലാത്തിനും മേലെ സ്വന്തം ടീമിനോടുള്ള ആത്മാർഥതയും കൊണ്ട് ഇന്നും ഹൃദയത്തിൽ ജീവിക്കുന്ന റഫീഖ് ഹസൻ സാറിനെ അല്പം മുൻപ് മിന്നൽപോലെ കണ്ടു.