Integrity Score 100
No Records Found
No Records Found
I like it
🤗🤗❤️
കത്തിയെരിയുന്ന താരസൂര്യന്മാരും സിനിമയെന്ന സൂപ്പർതാരവും
സിനിമ എന്ന മാധ്യമത്തിന്റെ വ്യാപ്തി, ഒരേസമയം കലയായും വ്യവസായമായും പരിണമിക്കാനുള്ള ശക്തി, ഓരോ പ്രേക്ഷകനേയും എന്നും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഓരോ സിനിമയും ഒരു കൂട്ടായ പ്രവർത്തനത്തിൽ നിന്ന് ഉടലെടുക്കുന്ന സൃഷ്ടിയാണെങ്കിലും, ഒരു പ്രേക്ഷകനെ, ഒരു പ്രത്യേക സിനിമ കാണുവാൻ തത്പരനാക്കുന്ന ഘടകങ്ങൾ പലതാണ്. അവയിൽ എക്കാലത്തും, ഒരുപക്ഷെ പ്രഥമദൃഷിയിൽ തന്നെ ഒരു സാധാരണ പ്രേക്ഷകനെ ആകർഷിക്കുന്ന ഒരു ഘടകം തന്നെയാണ് സൂപ്പർ താരസാന്നിധ്യം. ഒരു വ്യക്തിയുടെ പേരിൽ ഒരു സിനിമ വലിയരീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ, കച്ചവടം ചെയ്യപ്പെടുമ്പോൾ, അവിടെ ആ വ്യക്തി ഒരു നടനോ നടിക്കോ അപ്പുറം താരമായും, സൂപ്പർ താരമായും മാറുകയാണ്.
ഒരു അഭിനേതാവ് സൂപ്പർ താരപദവിയിലേക്ക് ഉയരുമ്പോൾ , തന്റെ കലാമികവിനാൽ ഒരു വലിയ പ്രേക്ഷകവിഭാഗത്തെ തൃപ്തിപെടുത്തുന്നതിലുപരി, കഥക്കപ്പുറം കഥാപാത്രങ്ങൾക്ക് വളർച്ചയുണ്ടാവുകയും, വ്യക്തി പ്രഭാവം വർധിക്കുകയും, പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്താനാവുകയും, പിന്നീട് വാണിജ്യപരമായി വരും സിനിമകളുടെ നെടുംതൂണായി മാറുകയും ചെയ്യുന്നു. സൂപ്പർ താരസാന്നിധ്യം കൊണ്ട് നിർമാതാവിന് തന്റെ ചിത്രത്തിന് മേൽ ലഭിക്കുന്ന മിനിമം ഗ്യാരന്റി, സാറ്റലൈറ്റ്, ഓടിടി അടക്കമുള്ള വിതരണാവകാശങ്ങൾ വഴി നേടാനാവുന്ന നിശ്ചിത ലാഭം തുടങ്ങി അനേകം ഘടകങ്ങൾ സിനിമ എന്ന വ്യവസായത്തിന് സൂപ്പർ താരങ്ങളുടെ അനിവാര്യതയെന്തെന്ന് നമുക്ക് കാണിച്ചുതരുന്നതാണ്. സൂപ്പർ താരസാന്നിധ്യം കൊണ്ട് മാത്രം ഒരു മോശം സിനിമയും വിജയിക്കപ്പെടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴും തരക്കേടില്ലാത്ത ഒരു സിനിമയെ നല്ല വിജയത്തിലേക്കെത്തിക്കാനും , മികച്ച ഒരു സിനിമകൊണ്ട് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാനും , ആഗോളതലത്തിൽ വരെ വലിയ വിജയമാക്കി മാറ്റാനും സൂപ്പർ താരങ്ങളെക്കൊണ്ട് സാധിക്കുമെന്നതാണ് യാഥാർഥ്യം.
ആത്യന്തികമായി കെട്ടുറപ്പുള്ള കഥയും, ശക്തമായ തിരക്കഥയും, ഉത്തമമായ കലാപ്രവർത്തനവും കൊണ്ട് തന്നെ മികച്ച സിനിമകൾ ഉണ്ടാകാമെന്നിരിക്കെ സൂപ്പർ താരസാന്നിധ്യം, വാണിജ്യ സാധ്യതതകൾക്കപ്പുറം ഒരു അനിവാര്യതയല്ലാതെ മാറുന്നുണ്ട്. എന്നാൽ മറ്റു സൃഷ്ടികളുടെയും, കലാപ്രവർത്തകരുടെയും നിലനിൽപ്പിനെയും സ്വാതന്ത്ര്യത്തെയും അനാരോഗ്യകരമായി ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കുത്തുമ്പോഴാണ് സൂപ്പർതാരങ്ങളും, സൂപ്പർ താരചിത്രങ്ങളും ഒരു പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
അകമഴിഞ്ഞ പ്രേക്ഷക പിന്തുണയാണ് ഓരോ സൂപ്പർ താരത്തെയും സൃഷ്ടിക്കുന്നതും വളർത്തുന്നതും. എന്നാൽ, പ്രേക്ഷകരുടെ അന്ധമായ താരാരാധന, പിന്നീട് വ്യക്തിവിദ്വേഷങ്ങളിലേക്ക് നീങ്ങുമ്പോൾ താരങ്ങൾക്കും, ഒരുപക്ഷെ അവരുടെ സിനിമകൾക്ക് പോലും അതൊരു വെല്ലുവിളിയാകുന്നു. ഓരോ സൂപ്പർതാരത്തിന്റെ വളർച്ചക്ക് പിന്നിലും പകരം വക്കാനാവാത്ത രീതിയിൽ അവർ പകർന്നാടിയ, പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമുണ്ടെന്നിരിക്കെ, ഒരു വലിയ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്നതിനായി മാത്രം സിനിമകൾ തിരഞ്ഞെടുക്കാനും, വൈവിധ്യങ്ങളിൽ നിന്ന് മാറി, പരീക്ഷണങ്ങൾക്ക് തയ്യാറാവാത്ത അവസ്ഥയിലേക്ക് അഭിനേതാവിനെ കൊണ്ടെത്തിക്കുന്ന താരപദവി തീർത്തും നിരാശാജനകമായി തീരുന്നു.
സൃഷ്ടാവിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെയും കഥാപാത്രരൂപീകരണത്തേയും അഭിനേതാവിന്റെ താരപരിവേഷം ബാധിക്കുന്നതോടെ അഭിനേതാവെന്ന രീതിയിലുള്ള താരത്തിന്റെ വളർച്ച ഇല്ലാതാകുകയാണ് ചെയ്യുന്നത്. പുതിയ ചിന്തകളോ ആശയങ്ങളോ ഒരു താരത്തിനു വേണ്ടിയുള്ള കഥാപാത്രസൃഷ്ടിയിൽ ഉണ്ടാകാതെയാകുമ്പോൾ, വിജയ കഥാപാത്രങ്ങളുടെ സമ്മിശ്രരൂപങ്ങൾ ആവർത്തന വിരസമായ കാഴ്ചാനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നു . ഒരർത്ഥത്തിൽ അങ്ങനെ ഒരു ചട്ടക്കൂടിലേക്ക് സൃഷ്ടികൾ പരിമിതപ്പെടുകയോ, പരിമിതപ്പെടുത്താൻ സൃഷ്ടാക്കൾ നിർബന്ധിതരാകുകയോ ചെയ്യുമ്പോൾ സൂപ്പർതാരപരിവേഷങ്ങൾ ബാധ്യതയായി മാറുന്നു.
സിനിമയുടെ കലാസ്വാതന്ത്ര്യത്തിന് കോട്ടം തട്ടാതിരിക്കുന്നിടത്തോളം, സൂപ്പർ താരങ്ങൾ ഈ മാധ്യമത്തെ വാണിജ്യപരമായി പിടിച്ചുനിർത്തുകയും, കലക്കപ്പുറമുള്ള താരത്തിന്റെ വളർച്ച കലാസൃഷ്ടിയുടെ മികവിനെ ബാധിക്കുകയാണെങ്കിൽ, കേവലം കച്ചവടചരക്കായി മാത്രം സിനിമ പരിണമിക്കുകയും ചെയ്യുന്നു. സൂപ്പർ താരങ്ങൾ സിനിമയെന്ന വാണിജ്യത്തിന് മുതൽകൂട്ടാകുന്നതിനൊപ്പം തന്നെ മികച്ച കലാസൃഷ്ടികളുടെ ഭാഗമാകുകയും ചെയ്താൽ ഒരേസമയം കലാപരവും വാണിജ്യപരവുമായ ഒരു മാധ്യമവിപ്ലവത്തിന് നമുക്ക് സാക്ഷ്യം വഹിക്കാനാകും. അതേസമയം, ഈ സാധ്യത ഇല്ലാതായാൽ പോലും സിനിമയെന്ന യഥാർത്ഥ സൂപ്പർതാരം നവീനതകളുടെ താരപ്രഭയോടെ നിലനിൽക്കുകയും ചെയ്യും.
Devanand
#m3dbcafe
#m3db